വിദ്യാർഥിയെ കാറിൽ തട്ടിക്കൊണ്ടുപോയി; എ.എസ്​.പിയുടെ നേതൃത്വത്തിൽ അന്വേഷണം


തലശ്ശേരി: സ്‌കൂള്‍ വിദ്യാർഥിയെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ എ.എസ്.പി ചൈത്ര തെരേസ ജോണി​െൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. നഗരത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും വിദ്യാർഥിയെയോ തട്ടിക്കൊണ്ടുപോയ കാറോ കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച രാവിലെ 11ഒാടെ കോണോര്‍വയല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു സമീപത്തായിരുന്നു സംഭവം.
വെള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘം സ്‌കൂള്‍ യൂനിഫോമിലുള്ള ആണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോവുകയാണത്രെ ഉണ്ടായത്. സംഭവം നേരില്‍കണ്ട ഓട്ടോറിക്ഷ ഡ്രൈവറും പരിസരത്തെ സ്ത്രീകളും വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് പരിസര പ്രദേശങ്ങളിൽ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്റ്റേഡിയത്തിനു തൊട്ടടുത്ത സ്വകാര്യ വിദ്യാലയത്തിലെ യൂനിഫോമാണ് കുട്ടി ധരിച്ചിരുന്നതെന്ന ദൃക്സാക്ഷി മൊഴിയെ തുടര്‍ന്ന് ഇവിടെയും പൊലീസ് അന്വേഷണം നടത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് എ.എസ്.പി ചൈത്ര തെരേസ ജോൺ പറഞ്ഞു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യമായ വിവരമൊന്നും കിട്ടിയിട്ടില്ലെന്നും എ.എസ്.പി പറഞ്ഞു. കുട്ടിയെ കാണാതായതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഉൗർജിതമായി നടക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

CONVERSATION

0 comments:

Post a Comment

Back
to top