തെളിവുകൾ ശേഖരിച്ച് പൊലീസ്


മാഹിയിലെ സിപിഎം പ്രാദേശിക നേതാവ് കണ്ണിപ്പൊയിൽ ബാബു(42)വിനെ കൊലപ്പെടുത്താൻ കണ്ണൂരിൽ നിന്നു സംഘമെത്തിയതായി സൂചന. മാഹി കേന്ദ്രീകരിച്ചുള്ള സംഘത്തിനൊപ്പം കണ്ണൂരിൽ നിന്നുള്ളവരും ആക്രമണത്തിന് എത്തിയിരുന്നുവെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് അറസ്റ്റുണ്ടാകുമെന്നും പുതുച്ചേരി ഡിജിപി സുനിൽകുമാർ ഗൗതം വ്യക്തമാക്കി. സംഭവത്തിൽ മാഹിക്കു പുറത്തുള്ള സംഘത്തെ പിടികൂടാൻ പുതുച്ചേരി പൊലീസ് കേരള പൊലീസിന്റെ സഹായം തേടി. പുതുച്ചേരി സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. തിങ്കളാഴ്ച രാത്രി ഒൻപതിനാണു പള്ളൂർ കൊയ്യോടൻ ക്ഷേത്രത്തിനു സമീപത്തെ റോഡിൽ വെട്ടേറ്റ് ബാബു കൊല്ലപ്പെടുന്നത്.

ആർഎസ്എസ് പ്രവർത്തകൻ കെ.പി.ഷമേജിന്റെ കൊലപാതകത്തിലും അന്വേഷണം തുടരുകയാണ്. സംശയിക്കപ്പെടുന്നവരുടെ പങ്കിനെക്കുറിച്ചു വ്യക്തത ലഭിക്കുന്നതിനായി മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. സംഭവമുണ്ടായ പ്രദേശത്തെ കടകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണു ഷമേജിന്റെ കൊലപാതകം അന്വേഷിക്കുന്നത്. ന്യൂമാഹി–പെരിങ്ങാടി റോഡിൽ തിങ്കളാഴ്ച രാത്രി പത്തോടെയാണു ഷമേജ് വെട്ടേറ്റു കൊല്ലപ്പെട്ടത്.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, പുതുച്ചേരി ഡിജിപി സുനിൽകുമാർ ഗൗതം എന്നിവർ തലശ്ശേരിയിൽ കൂടിക്കാഴ്ച നടത്തി. ഇരുസംസ്ഥാനത്തെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. രണ്ടു പൊലീസ് സംഘങ്ങളും പരസ്പര സഹകരണത്തോടെ പ്രത്യേക സംഘങ്ങളായി അന്വേഷണം തുടരാൻ തീരുമാനിച്ചു.

രണ്ടു ഡിജിപിമാരും സംഭവസ്ഥലങ്ങൾ സന്ദർശിച്ചു. ഉത്തരമേഖലാ ഐജി ബൽറാം കുമാർ ഉപാധ്യായ, ഉത്തരമേഖലാ ഡിജിപിയുടെ ചുമതലയുള്ള അനിൽകാന്ത്, കണ്ണൂർ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോൺ, തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രൻ, പുതുച്ചേരി എസ്എസ്പി അപൂർവ ഗുപ്ത എന്നിവരും ഡിജിപിമാർക്കൊപ്പമുണ്ടായിരുന്നു.

ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഇന്നു വൈകിട്ടു നാലിനു കലക്ടറേറ്റിൽ സിപിഎം–ആർഎസ്എസ് ഉഭയകക്ഷി സമാധാന ചർച്ച നടത്തും. കലക്ടർ മിർ മുഹമ്മദ് അലി രണ്ടു പാർട്ടികളുടെയും പ്രതിനിധികളോട് ചർച്ചയിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
ലോക്നാഥ് ബെഹ്റ(കേരള ഡിജിപി) : പുതുച്ചേരി പൊലീസുമായി വിശദമായ ചർച്ച നടത്തിയിട്ടുണ്ട്. സംയുക്ത അന്വേഷണ സംഘത്തിന് നിയമപരമായ തടസ്സങ്ങളുണ്ട്. പൂർണ സഹകരണത്തോടെ മികച്ച രീതിയിൽ അന്വേഷണം പൂർത്തിയാക്കും.

സുനിൽകുമാർ ഗൗതം(പുതുച്ചേരി ഡിജിപി): പ്രതികളെ തിരിച്ചറിഞ്ഞു, അന്വേഷണം എത്രയും പെട്ടെന്നു പൂർത്തിയാക്കും. മാഹിയിലെ ക്രിമിനൽ സംഘങ്ങളെ ശക്തമായി അടിച്ചമർത്തും. കേരള പൊലീസിന്റെ സഹായം തുടർന്നും ഉറപ്പുവരുത്തും.

CONVERSATION

0 comments:

Post a Comment

Back
to top