തലശ്ശേരി തീരം മട്ടാഞ്ചേരി മാതൃകയാക്കാൻ പദ്ധതി വരുന്നു..
തലശ്ശേരി: പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി തീരദേശത്തെ റോഡുകൾ നവീകരിക്കുന്നതടക്കമുള്ള പുതിയ പദ്ധതി തയ്യാറാകുന്നു.
മട്ടാഞ്ചാരി തെരുവു മാതൃകയിലാണ് നവീകരണം നടത്തുന്നത്.
തായലങ്ങാടിത്തെരുവും പിയർറോഡ്-ജവാഹർഘട്ട് റോഡും പൈതൃക കെട്ടിടങ്ങളുമാണ് നവീകരിക്കുക. കടൽപ്പാലത്തിന് സമീപത്തെ പിയർ റോഡിന്റെ അറ്റം മുതൽ ജവാഹർഘട്ട് വരെയുള്ള നവീകരണത്തിന് 4.09 കോടി രൂപയുടെ പദ്ധതിക്കാണ് ടൂറിസം വകുപ്പ് രൂപംനൽകുന്നത്. താഴെയങ്ങാടി തെരുവ് നവീകരണത്തിന് 4.90 കോടി രൂപയുടെ പദ്ധതിയുമാണ് തയ്യാറാക്കുന്നത്. ഇവയുടെ പ്രാഥമിക രൂപരേഖ ഏതാണ്ട് പൂർത്തിയായി. പൈതൃക സ്മാരകമായി കാണുന്ന കെട്ടിടങ്ങൾ സംരക്ഷിച്ച് നാട്ടിലെയും മറുനാട്ടിലെയും വിനോദസഞ്ചാരികൾക്കായി ഒരുക്കിയെടുക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
പാണ്ടികശാലകൾ സംരക്ഷിക്കും
കടൽപ്പാലം പരിസരത്ത് ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പാണ്ടികശാലകളും മറ്റുകെട്ടിടങ്ങളുമുണ്ട്. പാണ്ടികശാലകളുടെ മുൻവശം പൈതൃകരീതി ചോരാതെ മിനുക്കുകയും ചുമരുകളിലെ പൊട്ടലുകളും മറ്റും അടയ്ക്കുകയും വാതിലുകളും ജനാലകളും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യും. ഇവയുടെ ചുമരിൽ ചിത്രങ്ങൾ വരയ്ക്കും. ഗ്രാനൈറ്റും വാർപ്പിരുമ്പും കൊണ്ട് ഇരിപ്പിടങ്ങൾ നിർമിക്കുകയും ശില്പങ്ങൾ സ്ഥാപിക്കുകയും ചെയ്യും. ശാസ്ത്രീയരീതിയിൽ ഓവുചാൽ നിർമിക്കുകയും വാർപ്പിരുമ്പ് പൊതിയുകയും ചെയ്യും. റോഡിൽ കല്ലുപതിക്കുകയും വാർപ്പിരുമ്പുകൊണ്ട് നിർമിച്ച തൂണിൽ മരപ്പലകകൊണ്ടുള്ള സൂചനാബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും. വൈദ്യുതലൈനുകളും കുടിവെള്ള പൈപ്പുകളും ഭൂമിക്കടിയിലൂടെയായിരിക്കും. കല്ലുകളും ഗ്രാനൈറ്റും പാകിയതായിരിക്കും നടപ്പാത. സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടോ പലക കൊണ്ടോ നിർമിച്ച ചവറ്റുകൊട്ടയായിരിക്കും സ്ഥാപിക്കുക. മട്ടാഞ്ചേരി ജൂതത്തെരുവാണ് തലശ്ശേരി പൈതൃക സംരക്ഷണ പദ്ധതി മാതൃകയായി കാണുന്നത്. പ്രാചീന വസ്തുക്കളും ഉപകരണങ്ങളും മറ്റും വിൽക്കുന്ന ഒട്ടേറെ വില്പനശാലകൾ ജൂതത്തെരുവിലുണ്ട്. മട്ടാഞ്ചേരിയിലും ഫോർട്ട്‌ കൊച്ചിയിലും പഴയ കെട്ടിടങ്ങൾ അതിന്റെ തനിമ ചോരാതെ സംരക്ഷിച്ചിരിക്കുകയാണ്. പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി കടൽപ്പാലത്തിലേക്കുള്ള പിയർ റോഡ് നവീകരണം അന്തിമഘട്ടത്തിലെത്തി. പദ്ധതിയുടെ അടുത്ത ഘട്ടം കടൽപ്പാലം സംരക്ഷിക്കലാണ്. പദ്ധതികൾ പൂർണമായി നടപ്പായാൽ കടൽപ്പാലത്തിന്റെ ചുറ്റുപാടുമുള്ള പ്രദേശത്തിന്റെ മുഖച്ഛായ അടിമുടി മാറും

CONVERSATION

0 comments:

Post a Comment

Back
to top